അമ്പലക്കുന്ന് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
നിലമ്പൂരില്‍ നിന്നും പത്തുകിലോമീറ്ററും , വാണിയമ്പലം റയില്‍വെ സ്റ്റേഷനില്‍ നിന്നും എട്ടു കിലോമീറ്ററോളം അകലെയായും പൂക്കൊട്ടുംപാടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീ അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രം.
അമരമ്പലം ക്ഷേത്ര സമുച്ചയങ്ങളില്‍ പ്പെട്ട മറ്റൊരു ക്ഷേത്രമാണ് അഞ്ചാംമൈല്‍ അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രം.1992ജനുവരി 13നു അമ്പലക്കുന്നിലെ റബ്ബര്‍ തോട്ടത്തിലെ ഒരു കിണറില്‍ നിന്നും ദേവ വിഗ്രഹം കണ്ടെടുത്തത്തിനു ശേഷമാണ് ഇവിടെ ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രം പണിതീര്‍ത്തത്.ഇവിടെ നിന്നും കണ്ടെടുത്ത ദേവ വിഗ്രഹത്തിനു മൂവായിരം വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്നതിനാല്‍ അത്രയും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ഒരു ക്ഷേത്ര സമുച്ചയം നിലനിന്നതായി അനുമാനിക്കുന്നു.
ഇത് സംബന്ധിച്ച് നിലനിക്കുന്ന എതീഹ്യം ഇങ്ങനെയാണ് അമരമ്പലം പുതിയക്കോടെ പ്രദേശത്തെ പ്രശസ്തമായ നായര്‍ വീട് തറവാട്ടില്‍ അനുഭവപ്പെട്ട അനിഷ്ടഫലങ്ങളുടെ കാരണങ്ങള്‍ അറിയുവാന്‍ നടത്തിയ അഷ്ടമംഗല പ്രശ്നത്തിലാണ് ഈ ക്ഷേത്രത്തിനു നിദാനമായ തെളിവുകള്‍ ലഭിച്ചത്. ഇവരുടെ അധീനതയില്‍ ഉണ്ടായിരുന്ന ഭൂമിയില്‍ അന്തര്‍ലീനമായ ക്ഷേത്ര സമുച്ചയം പുനസ്ഥാപിക്കാത്തതാണ് നായര്‍ തറവാട്ടിലെ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് വെളിവാക്കപ്പെട്ടു.മാത്രമല്ല നാടിനും,നാട്ടുകാര്‍ക്കും ദോഷശാന്തിക്കും, ക്ഷേമത്തിനും ക്ഷേത്ര പുനരുദ്ധാരണം അനിവാര്യമാണെന്നും പ്രശ്നവിധിയില്‍ കണ്ടു.
പ്രശ്നവിധിപ്രകാരം അമ്പലക്കുന്നിലെ റബ്ബര്‍ തോട്ടം പരിശോധിച്ചപ്പോള്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു. ക്ഷേത്രനിര്‍മ്മാണം ക്ഷിപ്രസാധ്യമല്ലെന്ന് മനസ്സിലാക്കിയ നായര്‍വീട് കുടുംബം ഒന്നര ഏക്രയോളം വരുന്ന ആ സ്ഥലവും, കുളവും നാട്ടുക്കാര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. നാടിന്‍റെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി നാട്ടുകാര്‍ സംഘടിച്ചു പുനരുദ്ധാരണ കമ്മറ്റി രൂപവത്കരിച്ചു. തുടര്‍ന്ന് ക്ഷേത്ര കാര്യങ്ങളെക്കുറിച്ച് അറിയാന്‍ വീണ്ടു ഒരു അഷ്ടമംഗലപ്രശ്നം വയ്ക്കുകയുംചെയ്തു. ദേവപ്രശ്നത്തില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെ കിണറില്‍ ദേവ വിഗ്രഹം ഉള്ളതായും, തുല്യ പ്രാധാന്യമുള്ള രണ്ടു മൂര്‍ത്തികളാണുള്ളതെന്ന് വിധിച്ചു.ഈ മൂര്‍ത്തികള്‍ ശ്രീ ബാല സുബ്രഹ്മണ്യനും, ഗോശാല കൃഷ്ണനുമാണെന്ന് തെളിയുകയും ചെയ്തു.
ജ്യോത്സ്യ വിധി പ്രകാരം സ്ഥലത്തെ മണ്ണിടിഞ്ഞു തൂര്‍ന്ന കിണര്‍ കണ്ടെത്തുകയും, കിണര്‍ കുഴിച്ചു നോക്കിയപ്പോള്‍ ദേവ വിഗ്രഹം യാതൊരു കേടുപാടും കൂടാതെ വലിയ ഒരു കല്ല് കൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തുകയും ചെയ്തു. കണ്ടെത്തിയ വിഗ്രഹം ബാലസുബ്രഹ്മണ്യന്‍റെതാണെന്നും, തുല്യ പ്രാധാന്യമുള്ള ഗോശാല കൃഷ്ണന്‍റെ സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നതായും പ്രശ്നവിധിയില്‍ പറഞ്ഞിരുന്നു.
പ്രശ്നവിധിയനുസരിച്ച് കണ്ടെടുത്ത ബാലസുബ്രഹ്മണ്യ വിഗ്രഹവും, ഗോശാലകൃഷ്ണന്‍റെ പീഠവും ഇളം കൊവിലുകള്‍ നിര്‍മ്മിച്ചു താല്‍ക്കാലിക പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് ക്ഷേത്ര നിര്‍മ്മാണം നടത്തി പുനപ്രതിഷ്ഠ നടത്തുകയും ചെയ്തു.ക്ഷേത്ര ചൈതന്യം വര്‍ദ്ധിച്ചതോടെ നിര്‍മ്മാനപ്രവര്ത്തികള്‍ അതിവേഗം മുന്നോട്ടുയ് പോവുകയും ചെയ്തു.
ഈ ക്ഷേത്രം മൂവായിരത്തോളം വര്ഷം മുന്‍പ് നിലനിന്നിരുന്ന മഹാക്ഷേത്ര സമുച്ചയമായിരുന്നു. എന്നാല്‍ ടിപ്പുവിന്‍റെ പടയോട്ടകാലത്ത് നാശോന്മുഖമായി തീര്ന്നതായിരിക്കണമെന്നു കരുതപ്പെടുന്നു.ഇവിടെനിന്നും കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങള്‍ പലതും മഹാക്ഷേത്രങ്ങളിലെ കൊത്തുപണികള്‍ക്ക് തുല്യമായവയാണ്. മാത്രമല്ല സുബ്രഹ്മണ്യ-ഗോശാല കൃഷ്ണന്മാര്‍ക്ക് പുറമേ ഉപടെവന്മാരായി ശ്രീധര്‍മ്മശാസ്താ, ഗണപതി, ദുര്‍ഗ്ഗ എന്നീ ദേവന്മാര്‍ക്കും ഇവിടെ ക്ഷേത്ര ശ്രീകോവിലുകള്‍ ഉണ്ടായിരുന്നത്രെ.അന്ന് ശ്രേഷ്ഠരായ ബ്രാഹ്മണന്മാരാല്‍ പൂജാദി കര്‍മ്മങ്ങള്‍ നടത്തി വന്നിരുന്നതായും വിശ്വാസമുണ്ട്.
നാലമ്പലത്തില്‍ കിഴക്കോട്ട്ദര്‍ശനമായുള്ള ശ്രീകോവിലിനുള്ളില്‍ ശ്രീ ബാലാസുബ്രഹ്മണ്യനും, കന്നിമൂലയില്‍ ഗണപതി ചൈതന്യവും സ്ഥിതി ചെയ്യുന്നു.പുറത്ത് പടിഞ്ഞാട്ടു ദര്‍ശനമായി ചതുര ശ്രീകോവിലിനുള്ളില്‍ ഗോശാല കൃഷ്ണനും,തൊട്ടടുത്തായി ദീര്‍ഘ ചതുരാകൃതിയിലുള്ള ശ്രീകോവിലില്‍ ദുര്‍ഗ്ഗ ദേവി പ്രതിഷ്ഠയുമുണ്ട്.എന്നാല്‍ നാലമ്പലത്തിനു തൊട്ടടുത്ത് കിഴക്കോട്ട് ദര്‍ശനമായി ശ്രീ ധര്‍മ്മ ശാസ്ത ചൈതന്യവും കുടികൊള്ളുന്നു.ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ആദ്യം നാലമ്പലത്തില്‍ പ്രവേശിച്ചു സുബ്രഹ്മണ്യസ്വാമിയെ തൊഴുതു വലംവെച്ചു അനുഗ്രഹം വാങ്ങിയതിന് ശേഷം പുറത്ത് കടന്നു ഗോശാലകൃഷ്ണ സന്നിധിയിലെത്തി വന്ദിച്ചശേഷം ശ്രീകോവിലില്‍ പ്രദക്ഷിണം ചെയ്തു ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം വാങ്ങി ധര്‍മ്മ ശാസ്താ ചൈതന്യത്തിന്‍റെ മുന്നിലെത്താന്‍.
ആദ്യം അമ്പലക്കുന്നു മഹാവിഷ്ണു ക്ഷേത്രം എന്നാ പേരിലാണ് ഈ ദേവസ്ഥാനം അറിയപ്പെട്ടിരുന്നത്. എന്നാല്‍ മഹാവിഷ്ണുവിനും, സുബ്രഹ്മണ്യനും തുല്യ പ്രാധാന്യമാണ് ഉള്ളതെങ്കിലും, വലിയ ശ്രീ കോവിലും,ചുറ്റമ്പലവും സുബ്രഹ്മണ്യസ്വാമിയുടെതയതിനാല്‍ ക്ഷേത്ര നാമം അറിയപ്പെടുന്നത് സുബ്രഹ്മണ്യക്ഷേത്രം എന്നതായിരിക്കമെന്ന ദൈവജ്ഞമതമനുസരിച്ച് പുനപ്രതിഷ്ഠ ചടങ്ങോടുകൂടി അമരമ്പലം അമ്പലക്കുന്നു ശ്രീസുബ്രഹ്മണ്യക്ഷേത്രം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഈ ക്ഷേത്രം ഇന്ന് ഏറനാട്ടിലെ അറിയപ്പെടുന്ന സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഒന്നാണ്.
ദേവവിഗ്രഹം കണ്ടെടുത്തപ്പോള്‍ ആദ്യം തെളിയിച്ചത് നെയ് വിളക്ക് ആയതിനാല്‍ ഈ ക്ഷേത്രത്തില്‍ നെയ് വിളക്കിനാണ് ഏറെ പ്രാധാന്യം. എല്ലാ ശ്രീ കോവിലുകളിലും നെയ് വിളക്ക് വെച്ച് പ്രാര്‍ഥിച്ചാല്‍ കഷ്ടപ്പാടുകള്‍ക്കും, ദുരിതങ്ങള്‍ക്കും, പ്രയാസങ്ങള്‍ക്കും, ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം . അതിനാല്‍ ഇവിടെ വരുന്നവര്‍ നെയ് വിളക്ക് ഭാഗവാന് ഏറ്റവും പ്രധാന വഴിപാടായി കരുതുന്നു.കൂടാതെ ത്രികാല പൂജയും, പുഷ്പാഞ്ജലിയും, ഇഷ്ട കാര്യലബ്ധിക്കായി വഴിപാടു നടത്തിവരുന്നു.
മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് പ്രതിഷ്ഠ ദിനം . ധനുമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ക്ഷേത്രം ഉത്സവമായ അശ്വതിമഹോത്സവം സമുചിതമായി ആഘോഷിച്ചു വരുന്നു.മകരമാസത്തിലെ പൂയം നാളില്‍ സുബ്രഹ്മണ്യസ്വാമിയുടെ തൈപൂയ മഹോത്സവവും പ്രധാന ഉത്സവമാണ്.ക്ഷേത ഉരാളന്മാരായ നായര്‍ വീട് തറവാട്ടില്‍ നിന്നും നെയ് വരവോടെ ഉത്സവത്തിനു തുടക്കമാവും.ഈ ദിവസം ദേവ വിഗ്രഹം കണ്ടെടുത്തവര്‍ക്ക് വസ്ത്ര വിതരണ നടത്തും.ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് സമൂഹ സദ്യയും നല്‍കും.ഈ ഉത്സവനാളില്‍ ദേവാലയ പരിസരം ഭക്തികൊണ്ടും, വ്രതം കൊണ്ടും,ഭക്തി സാന്ദ്രമാവും. തൈപൂയത്തിനു കാവടി എടുക്കുവാന്‍ നിരവധിപേര്‍ ഈ ദേവസന്നിധിയിലെത്തും.
=ടി.കെ.സതീശന്‍ നിലമ്പൂര്‍







No comments:
Post a Comment