തേള്‍പ്പാറ ശ്രീ അയ്യപ്പക്ഷേത്രം
നിലമ്പൂരില്‍ നിന്നും ഏകദേശം ഇരുപതു കിലോമീറ്റര്‍ അകലെയായി പശ്ചിമഘട്ട പാര്‍വത നിരകളോട് ചേര്‍ന്ന് നിലകൊള്ളുന്ന ക്ഷേത്രമാണ് തേള്‍പ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം.
അമരമ്പലം ക്ഷേത്ര സമുച്ചയങ്ങളില്‍പ്പെട്ട ഈ അയ്യപ്പക്ഷേത്രം കിഴക്കന്‍ ഏറനാട്ടിലെ അപ്പൂര്‍വ്വം അയ്യപ്പ ക്ഷേത്രങ്ങളില്‍ ഒന്നാണ്.മലയോര മേഖലായ ഈ പ്രദേശത്ത് ശ്രീഅയ്യപ്പ സാന്നിധ്യം കാണാനിടയായത്തിന്റെ പിന്നിലുള്ള എതീഹ്യം ഇങ്ങനെയാണ്.
തികച്ചും വനമേഖലയായിരുന്ന ഈ പ്രദേശത്ത് കാലക്രമത്തില്‍ ജനാധിവാസം ഉണ്ടായി.ഈ മലയോരപ്രദേശത്തേക്ക് കുടിയേറി വന്നവര്‍ക്ക് ആരാധന നടത്തുവാന്‍ ഒരു ഈശ്വര സ്ഥാനം ആവശ്യമായി വരികയും ചെയ്തു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ പ്രദേശത്തെ ഏതാനും ചില അയ്യപ്പ ഭക്തന്മാര്‍ ഒരു വൃശ്ചിക പുലരിയില്‍ ശ്രീ ശബരിമല ശാസ്താവിന്‍റെ ചിത്രം വെച്ചു ആരാധിക്കുകയും ചെയ്തു.അയ്യപ്പ ഭക്തന്മാരുടെ ഭജനയും,വിളക്കുമൊക്കെയായപ്പോള്‍ പിന്നീട് ഈ ഭജനമഠത്തില്‍ പ്രദേശവാസികള്‍ നിത്യാരാധനയ്ക്ക് എത്തി തുടങ്ങി.അങ്ങനെ ചിത്രം വെച്ച് ആരാധന നടത്തിയിരുന്ന ഇവിടെ ഗുരു തുല്യനായ ഒരാള്‍ ചിത്രത്തിനു പകരം കല്ല് വെച്ചു ആരാധന നടത്തിയതാണ് ഇന്നത്തെ അയ്യപ്പ ക്ഷേത്രത്തിനും കാരണമായതെന്നും പഴമക്കാര്‍ പറയുന്നു.
തുടര്‍ന്ന് 1998.ല്‍ ഈ ഭജനമഠത്തിലെ ദേവ സാന്നിധ്യമറിയാന്‍ ദൈവഞ്ജനെ വരുത്തി ഒരു അഷ്ടമംഗല്യപ്രശ്നം നടത്തുകയും ചെയ്തു. പ്രശ്ന ചിന്തയില്‍ അദൃശ്യമായ ശ്രീ അയ്യപ്പ ചൈതന്യവും, ശ്രീ ദേവീ ചൈതന്യവും പ്രദേശമാകെ വിളയാടുന്നതായി കാണാന്‍ സാധിച്ചു. അതിനാല്‍ തന്നെ ഈ ദേവതകള്‍ക്ക് ഉചിതമായ സ്ഥാനം കണ്ടു ശ്രീകോവിലുകള്‍ നിര്‍മ്മിച്ചു പ്രതിഷ്ഠയും,കലശവും നടത്തി ക്ഷേത്രമായി നിലനിര്‍ത്തി പോരണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. അതനുസരിച്ച് ഭക്തജനങ്ങളുടെയും, അഭ്യുദയ കാംക്ഷികളുടെയും നിര്‍ലോഭമായ സഹകരണത്തോടെ താന്ത്രിക വിധിപ്രകാരമുള്ള ക്ഷേത്ര നിര്‍മ്മിതി നടത്തുകയും ചെയ്തു.
നിലവിലുള്ള സ്ഥലപരിമിതിയുടെ അപര്യാപ്തത പരിഹരിക്കാ നാവശ്യമായ അല്‍പ്പം സ്ഥലവും ശിലാ വിഗ്രഹങ്ങളും, ദേവീ ശ്രീ കോവിലും ക്ഷേത്രത്തിനു സമര്‍പ്പണമായി ലഭിക്കുകയും ചെയ്തു. നാടിന്‍റെ രക്ഷ ദൈവങ്ങളായ ശ്രീ അയ്യപ്പനും, ശ്രീ ദുര്‍ഗ്ഗയും ഇവിടെ സ്ഥിരപ്രതിഷ്ഠയുള്ള ക്ഷേത്രമായി മാറുകയും ചെയ്തതോടെ അമരമ്പലം ക്ഷേത്ര പരമ്പരയിലെ ഒരു ക്ഷേത്രമായി മാറാനും ഈ ദേവസ്ഥാനത്തിനായി.
പൂര്‍വ്വദര്‍ശനമായ ദീര്‍ഘ ചതുരാകൃതിയിലുള്ള പ്രധാന ശ്രീ കോവിളിനുള്ളില്‍ അശ്വാരൂഢനായ ശാസ്താവിനെ സ്വരൂപ ബിംബത്തില്‍ കുടിയിരുത്തിയിരിക്കുന്നു.ഈ ശ്രീ കോവിലിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് വായുകോണിലായി കിഴക്ക് ദര്‍ശനമായി ചതുര ശ്രീ കോവിളിനുള്ളില്‍ ശാന്ത സ്വരൂപയായ വന ദുര്‍ഗ്ഗ ഭഗവതിയെ വാല്‍കണ്ണാടിപീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.തുല്യ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്ന ഈ രണ്ടു ശ്രീ കൊവിലുകള്‍ക്കും ചുറ്റുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.മാത്രമല്ല, വന ദുര്‍ഗ്ഗ ശ്രീ കോവിലിനു മറ്റു വന ദുഗ്ഗ ക്ഷേത്രങ്ങളെപ്പോലെ തന്നെ മേല്‍കൂരയില്ലാത്തതാണ്. ചെറിയ തിടപ്പള്ളിയോട് കൂടിയ ക്ഷേത്രത്തിനു മുന്നില്‍ കരിങ്കല്‍ ദീപസ്തംഭവും കാണാനാവും.
തികച്ചും പശ്ചിമഘട്ട പര്‍വ്വതനിരകള്‍ക്ക് താഴെയായി ശബരിമലയിലെ ശബരിഗിരി നാഥന്‍റെ സാന്നിധ്യം നിറഞ്ഞു തുളുമ്പുന്ന ഈ ക്ഷേത്രത്തിലെക്കെത്തുന്നവര്‍ക്ക് ശരീരശുദ്ധി വരുത്ത്യത്തിനു ശേഷം ക്ഷേത്രത്തിനകത്ത് കയറി ആദ്യം അയ്യപ്പനെ വണങ്ങി പ്രദക്ഷിണം ചെയ്തു ദേവീചൈതന്യതെയും വലംവെച്ചു തൊഴുതു വീണ്ടും അയ്യപ്പ സന്നിധിയിലെത്തി സംപ്രീതരാവാകുന്നതാണ്.നെയ്‌വിളക്കിനും, എള്ള് തിരിക്കും വളരെ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തില്‍ വിശേഷ ദിവസങ്ങളില്‍ മുഴുക്കാപ്പു ചന്ദനം ചാര്‍ത്തലും, നിറമാലയും സവിശേഷതയുള്ളതാണ്. ശ്രീഅയ്യപ്പ സാന്നിധ്യം കുടികൊള്ളുന്ന ഇവിടെ ശബരിമല ദര്‍ശനത്തിനോരുങ്ങുന്ന ഭക്തന്മാര്‍ മുദ്ര ധരിക്കാനും,കേട്ട് നിറയ്ക്കാനും ഈ സന്നിധിയിലെത്തുന്നു.മാത്രമല്ല ദുര്‍ഗ്ഗ ചൈതന്യം വിളയാടുന്നതിനാല്‍ ചോറൂണ്,ഭഗവത് സേവ എന്നിവക്കും നിരവധി ഭക്തരെത്തുന്നു.വാഹന പൂജയും വിശേഷ ദിവസങ്ങളില്‍ നടക്കുന്ന പ്രസാദ ഊട്ടും വളരെ പ്രധാനമാണ്.
മകരമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഇവിടെ പ്രതിഷ്ഠ ദിനം.കൂടാതെ കലിയുഗവരദനായ ഹരിഹരപുത്രന്‍ ശ്രീ അയ്യപ്പന്‍റെ പ്രതിഷ്ഠ കാലം ഭക്തജനങ്ങള്‍ വതശുദ്ധിയോടെ വൃശ്ചികം ഒന്ന് മുതല്‍ നാല്‍പ്പത്തൊന്നു വരെ മണ്ഡലകാലമായി ആഘോഷിക്കുന്നു.ഈ ദിവസങ്ങളില്‍ ഭജനയും,ഭഗവത് സേവയും നടത്തിവരുന്നു.രണ്ടാമത്തെ ശനിയാഴ്ച ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡമായി ചൊല്ലി നാമജപവും നടത്തുന്നു.
മണ്ഡല വിളക്കുത്സവത്തിനു പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയെത്തി ദേശവിളക്ക് തെളിയിക്കുന്നതും അനിര്‍വചനീയ മായ ഒരനുഭവം തന്നെയാണ്. ദേശവിളക്കിന്‍റെ സുവര്‍ണ്ണപ്രഭയില്‍ ക്ഷേത്രം പൊന്നൊളി തൂകി നില്‍ക്കുമ്പോള്‍ ദേവീദേവന്മാരെ കണ്ടു സായൂജ്യ മടയാന്‍ ഒരു ഗ്രാമം മുഴുവന്‍ ഇവിടെയുണ്ടാവും.
-ടി.കെ.സതീശന്‍ നിലമ്പൂര്‍
-ടി.കെ.സതീശന്‍ നിലമ്പൂര്‍





No comments:
Post a Comment