കരുളായി ചെമ്മതിട്ട ഭഗവതി ക്ഷേത്രം
നിലമ്പൂര്‍ പട്ടണത്തില്‍നിന്ന് പത്തു കിലോമീറ്ററോളം അകലെയായി വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന കരുളായി എന്ന സ്ഥലത്താണ് ചെമ്മന്തിട്ട ഭവതീ ക്ഷേത്രം നിലകൊള്ളുന്നത്.
മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ദുര്‍ഗ്ഗാദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് കരുളായി ചെമ്മതിട്ട ഭഗവതി ക്ഷേത്രം.വിടെ ദുര്‍ഗ്ഗയുടെ സൌമ്യ ഭാവമായ വന ദുര്‍ഗ്ഗ പ്രതിഷ്ഠയാണ് ഉള്ളത് .കേരളീയരുടെ കാവ് സങ്കല്‍പ്പങ്ങളുടെ ഉദാത്ത മാതൃകയായി ചെമ്മതിട്ട കാവ് ഇന്നും ആ പഴമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു.കരിമ്പുഴയാറിന്‍റെ കരയില്‍ വന്‍വൃക്ഷ സമുച്ചയങ്ങള്‍ക്ക് നടുവില്‍ കാവുസംസ്കാരത്തിന്‍റെ നാമമാത്രമായ ശേഷിപ്പുകളില്‍ ഒന്നായി ഈ ക്ഷേത്രം പരിലസിക്കുന്നു.കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആധുനികതയുടെ പരിവേഷങ്ങള്‍ നല്‍കാതെ കാവായി തന്നെ നിലനിറുത്തുവാന്‍ ക്ഷേത്രം ഭരണ സമിതി ശ്രമിക്കുന്നു.
ചെമ്മന്തിട്ട കാവ്
അതോടെ പരദേവതാ ക്ഷേത്രം അനാഥമാവുകയുംകാലക്രമത്തില്‍ നശിച്ചുപോകുകയും ചെയ്തു.പിന്നീട് ഈ ദേവി ചൈതന്യം ഇവിടെത്തെ ജലാശയത്തിലൂടെ ഒഴുകിയെത്തി ഈ ദേവി സ്ഥാനത്ത് എത്തിപ്പെടുകയും ചെയ്തു.എന്നാല്‍ ആകാലത്ത് ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണര്‍ ആരാധിച്ചു വന്നിരുന്നത് ഭദ്രകാളീ ചൈതന്യത്തെ യെയായിരുന്നു ജലാശയത്തിലൂടെ ഒഴുകി വന്ന ചെമ്മതിട്ടയിലെ ദുര്‍ഗ്ഗ ചൈതന്യം ഭദ്രകാളീ ചൈതന്യത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തുവത്രേ. അങ്ങനെ ആ ദേശത്തിന്‍റെ പേരായ ചെമ്മംതിട്ട ഈ ദേശത്തിന് കൂടി ലഭിച്ചു.പിന്നീട് ബ്രാഹ്മണ അധികാരത്തിനു ശേഷം ക്ഷത്രീയാധികാരത്തില്‍ വന്നു ചേര്‍ന്നപ്പോള്‍ രാജഭരണത്തിന് കീഴില്‍ ഈ ക്ഷേത്രം സംരക്ഷിച്ചു ആരാധനകള്‍ നടത്തിപോരികയും, ചെയ്തു.രാജഭരണത്തിനുശേഷം ഈ കാവ് സമീപത്തെ നായര്‍ കുടുംബത്തിനു ദാനമായി നല്‍കിയതായും പഴമക്കാര്‍ പറയുന്നു.നായര കുടുംബത്തിന്‍റെ കയ്യില്‍ നിന്നും ഈ ക്ഷേത്രവും ഭൂസ്വത്തുക്കളും അന്യാധീനപ്പെട്ടു പോകുമെന്നായപ്പോള്‍ മഠതമന മാധവന്‍ എമ്പ്രാന്തിരി എന്നയാള്‍ക്ക് കൈമാറുകയും ചെയ്തു .എന്നാല്‍ അദ്ദേഹത്തിന്‍റെ കാലശേഷം അനന്തരാവകാശികള്‍ ഇല്ലാതിരുന്നതിനാല്‍ ക്ഷേത്രം എച്ച്.ആര്‍ ആന്‍ഡ് സി .സി ഏറ്റെടുത്തു ഭരണം നടത്തി പോരികയും ചെയ്യുന്നു.
ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ വനദുര്‍ഗ്ഗാ ക്ഷേത്രങ്ങളള്‍ക്കുള്ള പ്രത്യേകത ശ്രീ കോവിലിനു മേല്‍കൂര ഉണ്ടാവില്ലയെന്നതാണ്.ചെമ്മന്തിട്ട കാവിലെ പ്രധാനദേവത വന ദുര്‍ഗ്ഗയായതിനാല്‍ ഇവിടെയും മേല്‍കൂരയില്ലാത്ത ശ്രീകോവിലിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിനു സമീപത്തെ വലിയ ആല്‍ മരത്തറയിലായി അയ്യപ്പ ചൈതന്യത്തെയും വള്ളിയങ്കാവ് ഭഗവതീ ചൈതന്യത്തെയും കുടി വെച്ചിരിക്കുന്നു. കൂടാതെ ക്ഷേത്രപാലകന്‍,ഗണപതി എന്നീ പ്രതിഷ്ഠകളും ഉണ്ട്. പിറകിലായി വനദുര്‍ഗ്ഗ,ശിവന്‍, വേട്ടക്കൊരുമകന്‍, രക്തേശ്വരി, മണികണ്ഠന്‍, എന്നീ ദേവന്മാരുടെ പ്രതിഷ്ഠകളും, ശ്രീകോവിലിനോട് ചേര്‍ന്ന് അയ്യപ്പന് പ്രത്യേക ശ്രീകോവിലും സ്ഥിതി ചെയ്യുന്നു.
ദേവീചൈതന്യം ഒഴുകിയെത്തിയ ജലാശയ മായതിനാല്‍ പശ്ചിമഘട്ട താഴ്വാരങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന കരിമ്പുഴ ഇവിടെ യെത്തുമ്പോള്‍ പുണ്യനദിയായി മാറുന്നു. അതിനാല്‍ ഈ പുണ്യ നദിയില്‍ സ്നാനം ചെയ്യുന്നതും പുണ്യമാണെന്നും വിശ്വസിക്കുന്നു.നദീസ്നാനത്തിനെത്തുന്നവര്‍ക്ക് പുഴയിലെക്കിറങ്ങാന്‍ ഒതുക്കുകള്‍ കെട്ടി സൗകര്യപ്പെടുത്തിയിട്ടുണ്ട്.
ദേവീ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടായ പൂമൂടല്‍ തന്നെയാണ് ഈ ക്ഷേത്രത്തിലെയും മുഖ്യ വഴിപാടു.നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൂമൂടല്‍ വഴിപാടിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഭക്തര്‍ നിരവധിയാണ്. മാത്രമല്ല ശത്രുദോഷ പരിഹാരത്തിനും, വിദ്യ ലബ്ധിക്കും വേണ്ടി മുട്ടറുക്കാന്‍ വരുന്നവരും ധാരാളമാണ്. ഭദ്രകാളിയും, ബാലസ്വരൂപിണിയും, ദുര്‍ഗ്ഗാ ദേവിയും വിലയും പ്രാപിച്ചു സ്ഥിതിചെയ്യുന്നതിനാല്‍ വിവാഹം, ചെണ്ട,എഴുന്നള്ളത്ത് എന്നിവയൊന്നും ഇവിടെനടക്കാറില്ല.വിവാഹം ഇവിടെ നിഷിദ്ധമാണെങ്കിലും, മംഗല്യസൌഭാഗ്യത്തിനായുളള സ്വയംവര പുഷ്പാഞ്ജലിക്ക് വളരെയധികം ഫലസിദ്ധിയുളളതായി പറയപ്പെടുന്നു. എന്നാല്‍ ചോറൂണ്, വിദ്യാരംഭം എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്.
മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആഘോഷിക്കുന്ന തൃകാര്‍ത്തികയാണ് ചെമ്മന്തിട്ടയിലെ പ്രധാന ഉത്സവം. ഈ ദിവസം ചെമ്മന്തിട്ട ഗ്രാമം കാര്‍ത്തിക പൊന്‍ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന കാഴ്ച ഏതൊരു ഭക്തനും ദിവ്യാനുഭൂതിയാണ് ഉളവാക്കുക. ഈ വിളക്കെടുക്കാന്‍ സ്തീകളും കുട്ടികളും അടങ്ങുന്ന നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു. ഭദ്ര കാളീ സാനിധ്യമുള്ളതിനാലും, വെട്ടെയ്ക്കൊരു മകന്‍ ചൈതന്യ മുള്ളതിനാലും കളംപാട്ടുല്‍ത്സവവും ഇവിടെ പ്രധാനമാണ്. ഇതിനുവേണ്ടി ക്ഷേത്രത്തില്‍ മലയാള തനിമ നിര്‍ത്തുന്ന പാട്ടുപുരയും നിര്‍മ്മിച്ചിട്ടുണ്ട്.ഇവിടെവെച്ചാണ് കുറുപ്പന്മാര്‍ ദേവിക്കുള്ള കാലങ്ങള്‍ തീര്‍ക്കുക.ഉത്സവ ദിവസങ്ങളില്‍ പ്രസാദഊട്ടും, ക്ഷേത്ര കടവിലെ മത്സ്യങ്ങള്‍ക്കുള്ള മീനൂട്ടും പ്രധാനം തന്നെയാണ്. മുന്‍പ് ഈ പുഴക്കടവില്‍ ചുവപ്പ്നിറത്തിലുള്ള പ്രത്യേകതരം മത്സ്യങ്ങള്‍ ഉണ്ടായിരുന്നതായും, അവ നിലമ്പൂര്‍ വേട്ടെയ്ക്കൊരു മകന്‍ ക്ഷേത്രത്തില്‍ ഉത്സവ മാവുന്നതോടെ നിലമ്പൂര്‍ കളത്തില്‍കടവ് പുഴയില്‍ എത്തിചെരുന്നതായും വിശ്വാസമുണ്ട് .
മനുഷ്യന്‍ ദൈവങ്ങളെ ആരാധിക്കുന്നത് പോലെ തന്നെ പ്രകൃതിയെയും ആരാധിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ് ചെമ്മന്തിട്ട കാവിലെ ആല്‍വൃക്ഷം. ക്ഷേത്ര സന്നിധിയില്‍ തന്നെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ അശ്വത്ഥ മരത്തില്‍ പടര്‍ന്നു കയറിയ കാട്ടുവള്ളികളും, സമീപത്തുള്ള വൃക്ഷലതാദികളും മലയാളികളുടെ കാവ് സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നവയാണ്.മാത്രമല്ല,ശാന്തവും,സുന്ദരവുമായ ഈ ക്ഷേത്രമുറ്റത്തെത്തുന്നവര്‍ക്ക് ശാന്തിയും സമാധാനവും നല്‍കുന്നവയാണ് .
-ടി.കെ.സതീശന്‍ നിലമ്പൂര്‍




No comments:
Post a Comment