Subscribe Now

ക്ഷേത്രങ്ങളുടെ ഭാരതീയ സങ്കല്പം വളരെ പ്രത്യേകത ഉള്ളതാണ് .മറ്റെല്ലാ മത വിശ്വാസികളും അവരുടെ ആരാധനാലയങ്ങളെ ഒരു പ്രാര്‍ത്ഥന മന്ദിരമായി മാത്രം കാണുന്നു .എന്നാല്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ് .ആത്മാവ് ഈശ്വര വിഗ്രഹത്തിലെ ചൈതന്യംപോലെയും ,ശരീരം ആത്മ ചൈതന്യത്തെ വഹിക്കുന്ന ക്ഷേത്രം വിഗ്രഹം പോലെയുമാണ്.അതിനാല്‍ ക്ഷേത്രം മനുഷ്യശരീരത്തെ പോലെ സംരക്ഷിക്കപെടെണ്ടാതാണ്

Sunday, March 18, 2012

      അമ്പലക്കുന്ന് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം

 നിലമ്പൂരില്‍ നിന്നും പത്തുകിലോമീറ്ററും , വാണിയമ്പലം റയില്‍വെ സ്റ്റേഷനില്‍ നിന്നും എട്ടു കിലോമീറ്ററോളം അകലെയായും പൂക്കൊട്ടുംപാടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീ അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രം.



അമരമ്പലം ക്ഷേത്ര സമുച്ചയങ്ങളില്‍ പ്പെട്ട മറ്റൊരു ക്ഷേത്രമാണ് അഞ്ചാംമൈല്‍ അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രം.1992ജനുവരി 13നു അമ്പലക്കുന്നിലെ റബ്ബര്‍ തോട്ടത്തിലെ ഒരു കിണറില്‍ നിന്നും ദേവ വിഗ്രഹം കണ്ടെടുത്തത്തിനു ശേഷമാണ് ഇവിടെ ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രം പണിതീര്‍ത്തത്.ഇവിടെ നിന്നും കണ്ടെടുത്ത ദേവ വിഗ്രഹത്തിനു മൂവായിരം വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്നതിനാല്‍ അത്രയും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ഒരു ക്ഷേത്ര സമുച്ചയം നിലനിന്നതായി അനുമാനിക്കുന്നു.

ഇത് സംബന്ധിച്ച് നിലനിക്കുന്ന എതീഹ്യം ഇങ്ങനെയാണ് അമരമ്പലം പുതിയക്കോടെ പ്രദേശത്തെ പ്രശസ്തമായ നായര്‍ വീട് തറവാട്ടില്‍ അനുഭവപ്പെട്ട അനിഷ്ടഫലങ്ങളുടെ കാരണങ്ങള്‍ അറിയുവാന്‍ നടത്തിയ അഷ്ടമംഗല പ്രശ്നത്തിലാണ് ഈ ക്ഷേത്രത്തിനു നിദാനമായ തെളിവുകള്‍ ലഭിച്ചത്. ഇവരുടെ   അധീനതയില്‍ ഉണ്ടായിരുന്ന ഭൂമിയില്‍ അന്തര്‍ലീനമായ ക്ഷേത്ര സമുച്ചയം പുനസ്ഥാപിക്കാത്തതാണ് നായര്‍ തറവാട്ടിലെ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് വെളിവാക്കപ്പെട്ടു.മാത്രമല്ല നാടിനും,നാട്ടുകാര്‍ക്കും ദോഷശാന്തിക്കും, ക്ഷേമത്തിനും ക്ഷേത്ര പുനരുദ്ധാരണം അനിവാര്യമാണെന്നും പ്രശ്നവിധിയില്‍ കണ്ടു.
പ്രശ്നവിധിപ്രകാരം    അമ്പലക്കുന്നിലെ റബ്ബര്‍ തോട്ടം പരിശോധിച്ചപ്പോള്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു. ക്ഷേത്രനിര്‍മ്മാണം ക്ഷിപ്രസാധ്യമല്ലെന്ന് മനസ്സിലാക്കിയ നായര്‍വീട് കുടുംബം ഒന്നര ഏക്രയോളം വരുന്ന ആ സ്ഥലവും, കുളവും  നാട്ടുക്കാര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. നാടിന്‍റെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി നാട്ടുകാര്‍ സംഘടിച്ചു പുനരുദ്ധാരണ കമ്മറ്റി രൂപവത്കരിച്ചു. തുടര്‍ന്ന് ക്ഷേത്ര കാര്യങ്ങളെക്കുറിച്ച്‌  അറിയാന്‍ വീണ്ടു ഒരു അഷ്ടമംഗലപ്രശ്നം വയ്ക്കുകയുംചെയ്തു. ദേവപ്രശ്നത്തില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെ കിണറില്‍ ദേവ വിഗ്രഹം ഉള്ളതായും, തുല്യ പ്രാധാന്യമുള്ള രണ്ടു മൂര്‍ത്തികളാണുള്ളതെന്ന് വിധിച്ചു.ഈ മൂര്‍ത്തികള്‍ ശ്രീ ബാല സുബ്രഹ്മണ്യനും, ഗോശാല കൃഷ്ണനുമാണെന്ന് തെളിയുകയും ചെയ്തു.
ജ്യോത്സ്യ വിധി പ്രകാരം സ്ഥലത്തെ മണ്ണിടിഞ്ഞു തൂര്‍ന്ന കിണര്‍ കണ്ടെത്തുകയും, കിണര്‍ കുഴിച്ചു നോക്കിയപ്പോള്‍ ദേവ വിഗ്രഹം യാതൊരു കേടുപാടും കൂടാതെ വലിയ ഒരു കല്ല്‌ കൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തുകയും ചെയ്തു. കണ്ടെത്തിയ വിഗ്രഹം ബാലസുബ്രഹ്മണ്യന്‍റെതാണെന്നും, തുല്യ പ്രാധാന്യമുള്ള ഗോശാല കൃഷ്ണന്‍റെ സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നതായും പ്രശ്നവിധിയില്‍ പറഞ്ഞിരുന്നു.
പ്രശ്നവിധിയനുസരിച്ച് കണ്ടെടുത്ത ബാലസുബ്രഹ്മണ്യ വിഗ്രഹവും, ഗോശാലകൃഷ്ണന്‍റെ പീഠവും ഇളം കൊവിലുകള്‍ നിര്‍മ്മിച്ചു താല്‍ക്കാലിക പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് ക്ഷേത്ര നിര്‍മ്മാണം നടത്തി പുനപ്രതിഷ്ഠ നടത്തുകയും ചെയ്തു.ക്ഷേത്ര ചൈതന്യം വര്‍ദ്ധിച്ചതോടെ നിര്‍മ്മാനപ്രവര്ത്തികള്‍ അതിവേഗം മുന്നോട്ടുയ്‌ പോവുകയും ചെയ്തു.

ഈ ക്ഷേത്രം മൂവായിരത്തോളം വര്ഷം മുന്‍പ് നിലനിന്നിരുന്ന മഹാക്ഷേത്ര സമുച്ചയമായിരുന്നു. എന്നാല്‍ ടിപ്പുവിന്‍റെ പടയോട്ടകാലത്ത് നാശോന്മുഖമായി തീര്ന്നതായിരിക്കണമെന്നു കരുതപ്പെടുന്നു.ഇവിടെനിന്നും കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങള്‍ പലതും മഹാക്ഷേത്രങ്ങളിലെ കൊത്തുപണികള്‍ക്ക് തുല്യമായവയാണ്. മാത്രമല്ല സുബ്രഹ്മണ്യ-ഗോശാല കൃഷ്ണന്മാര്‍ക്ക് പുറമേ ഉപടെവന്മാരായി ശ്രീധര്‍മ്മശാസ്താ, ഗണപതി, ദുര്‍ഗ്ഗ എന്നീ ദേവന്മാര്‍ക്കും ഇവിടെ ക്ഷേത്ര ശ്രീകോവിലുകള്‍ ഉണ്ടായിരുന്നത്രെ.അന്ന് ശ്രേഷ്ഠരായ ബ്രാഹ്മണന്മാരാല്‍ പൂജാദി കര്‍മ്മങ്ങള്‍ നടത്തി വന്നിരുന്നതായും വിശ്വാസമുണ്ട്.
നാലമ്പലത്തില്‍ കിഴക്കോട്ട്ദര്‍ശനമായുള്ള ശ്രീകോവിലിനുള്ളില്‍  ശ്രീ ബാലാസുബ്രഹ്മണ്യനും, കന്നിമൂലയില്‍ ഗണപതി ചൈതന്യവും സ്ഥിതി ചെയ്യുന്നു.പുറത്ത്‌ പടിഞ്ഞാട്ടു ദര്‍ശനമായി ചതുര ശ്രീകോവിലിനുള്ളില്‍ ഗോശാല കൃഷ്ണനും,തൊട്ടടുത്തായി  ദീര്‍ഘ ചതുരാകൃതിയിലുള്ള ശ്രീകോവിലില്‍ ദുര്‍ഗ്ഗ ദേവി പ്രതിഷ്ഠയുമുണ്ട്.എന്നാല്‍ നാലമ്പലത്തിനു തൊട്ടടുത്ത്‌ കിഴക്കോട്ട് ദര്‍ശനമായി ശ്രീ ധര്‍മ്മ ശാസ്ത ചൈതന്യവും കുടികൊള്ളുന്നു.ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ആദ്യം നാലമ്പലത്തില്‍ പ്രവേശിച്ചു സുബ്രഹ്മണ്യസ്വാമിയെ തൊഴുതു വലംവെച്ചു അനുഗ്രഹം വാങ്ങിയതിന് ശേഷം പുറത്ത് കടന്നു ഗോശാലകൃഷ്ണ സന്നിധിയിലെത്തി വന്ദിച്ചശേഷം ശ്രീകോവിലില്‍ പ്രദക്ഷിണം ചെയ്തു ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം വാങ്ങി ധര്‍മ്മ ശാസ്താ ചൈതന്യത്തിന്‍റെ മുന്നിലെത്താന്‍.
ആദ്യം അമ്പലക്കുന്നു മഹാവിഷ്ണു ക്ഷേത്രം എന്നാ പേരിലാണ് ഈ ദേവസ്ഥാനം അറിയപ്പെട്ടിരുന്നത്. എന്നാല്‍ മഹാവിഷ്ണുവിനും, സുബ്രഹ്മണ്യനും തുല്യ പ്രാധാന്യമാണ് ഉള്ളതെങ്കിലും, വലിയ ശ്രീ കോവിലും,ചുറ്റമ്പലവും സുബ്രഹ്മണ്യസ്വാമിയുടെതയതിനാല്‍ ക്ഷേത്ര നാമം അറിയപ്പെടുന്നത് സുബ്രഹ്മണ്യക്ഷേത്രം  എന്നതായിരിക്കമെന്ന ദൈവജ്ഞമതമനുസരിച്ച് പുനപ്രതിഷ്ഠ ചടങ്ങോടുകൂടി അമരമ്പലം  അമ്പലക്കുന്നു ശ്രീസുബ്രഹ്മണ്യക്ഷേത്രം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഈ ക്ഷേത്രം ഇന്ന് ഏറനാട്ടിലെ അറിയപ്പെടുന്ന സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഒന്നാണ്.

ദേവവിഗ്രഹം കണ്ടെടുത്തപ്പോള്‍ ആദ്യം തെളിയിച്ചത്  നെയ്‌ വിളക്ക് ആയതിനാല്‍ ഈ ക്ഷേത്രത്തില്‍ നെയ്‌ വിളക്കിനാണ് ഏറെ പ്രാധാന്യം. എല്ലാ ശ്രീ കോവിലുകളിലും നെയ്‌ വിളക്ക് വെച്ച് പ്രാര്‍ഥിച്ചാല്‍ കഷ്ടപ്പാടുകള്‍ക്കും, ദുരിതങ്ങള്‍ക്കും, പ്രയാസങ്ങള്‍ക്കും, ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം . അതിനാല്‍ ഇവിടെ വരുന്നവര്‍ നെയ്‌ വിളക്ക് ഭാഗവാന് ഏറ്റവും പ്രധാന വഴിപാടായി കരുതുന്നു.കൂടാതെ ത്രികാല പൂജയും, പുഷ്പാഞ്ജലിയും, ഇഷ്ട കാര്യലബ്ധിക്കായി വഴിപാടു നടത്തിവരുന്നു.

മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് പ്രതിഷ്ഠ ദിനം . ധനുമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ക്ഷേത്രം ഉത്സവമായ അശ്വതിമഹോത്സവം സമുചിതമായി ആഘോഷിച്ചു വരുന്നു.മകരമാസത്തിലെ പൂയം നാളില്‍ സുബ്രഹ്മണ്യസ്വാമിയുടെ തൈപൂയ മഹോത്സവവും പ്രധാന ഉത്സവമാണ്.ക്ഷേത ഉരാളന്മാരായ നായര്‍ വീട് തറവാട്ടില്‍ നിന്നും നെയ്‌ വരവോടെ ഉത്സവത്തിനു തുടക്കമാവും.ഈ ദിവസം ദേവ വിഗ്രഹം കണ്ടെടുത്തവര്‍ക്ക് വസ്ത്ര വിതരണ നടത്തും.ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് സമൂഹ സദ്യയും നല്‍കും.ഈ ഉത്സവനാളില്‍ ദേവാലയ പരിസരം ഭക്തികൊണ്ടും, വ്രതം കൊണ്ടും,ഭക്തി സാന്ദ്രമാവും. തൈപൂയത്തിനു കാവടി എടുക്കുവാന്‍ നിരവധിപേര്‍ ഈ ദേവസന്നിധിയിലെത്തും.
=ടി.കെ.സതീശന്‍ നിലമ്പൂര്‍

Friday, March 16, 2012

തേള്‍പ്പാറ ശ്രീ അയ്യപ്പക്ഷേത്രം
നിലമ്പൂരില്‍ നിന്നും ഏകദേശം ഇരുപതു കിലോമീറ്റര്‍ അകലെയായി പശ്ചിമഘട്ട പാര്‍വത നിരകളോട് ചേര്‍ന്ന് നിലകൊള്ളുന്ന ക്ഷേത്രമാണ് തേള്‍പ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം.

 അമരമ്പലം ക്ഷേത്ര സമുച്ചയങ്ങളില്‍പ്പെട്ട ഈ  അയ്യപ്പക്ഷേത്രം കിഴക്കന്‍ ഏറനാട്ടിലെ അപ്പൂര്‍വ്വം അയ്യപ്പ ക്ഷേത്രങ്ങളില്‍ ഒന്നാണ്.മലയോര മേഖലായ ഈ പ്രദേശത്ത് ശ്രീഅയ്യപ്പ സാന്നിധ്യം കാണാനിടയായത്തിന്റെ പിന്നിലുള്ള എതീഹ്യം ഇങ്ങനെയാണ്.

തികച്ചും വനമേഖലയായിരുന്ന ഈ പ്രദേശത്ത് കാലക്രമത്തില്‍ ജനാധിവാസം ഉണ്ടായി.ഈ മലയോരപ്രദേശത്തേക്ക്  കുടിയേറി വന്നവര്‍ക്ക് ആരാധന നടത്തുവാന്‍ ഒരു ഈശ്വര സ്ഥാനം ആവശ്യമായി വരികയും ചെയ്തു. അങ്ങനെ  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ പ്രദേശത്തെ ഏതാനും ചില അയ്യപ്പ ഭക്തന്മാര്‍ ഒരു വൃശ്ചിക പുലരിയില്‍ ശ്രീ ശബരിമല ശാസ്താവിന്‍റെ ചിത്രം വെച്ചു ആരാധിക്കുകയും ചെയ്തു.അയ്യപ്പ ഭക്തന്മാരുടെ ഭജനയും,വിളക്കുമൊക്കെയായപ്പോള്‍ പിന്നീട് ഈ ഭജനമഠത്തില്‍ പ്രദേശവാസികള്‍ നിത്യാരാധനയ്ക്ക് എത്തി തുടങ്ങി.അങ്ങനെ ചിത്രം വെച്ച് ആരാധന നടത്തിയിരുന്ന ഇവിടെ ഗുരു തുല്യനായ ഒരാള്‍ ചിത്രത്തിനു പകരം കല്ല്‌ വെച്ചു ആരാധന നടത്തിയതാണ് ഇന്നത്തെ അയ്യപ്പ ക്ഷേത്രത്തിനും കാരണമായതെന്നും പഴമക്കാര്‍ പറയുന്നു.

   തുടര്‍ന്ന് 1998.ല്‍ ഈ ഭജനമഠത്തിലെ ദേവ സാന്നിധ്യമറിയാന്‍ ദൈവഞ്ജനെ വരുത്തി ഒരു അഷ്ടമംഗല്യപ്രശ്നം നടത്തുകയും ചെയ്തു. പ്രശ്ന ചിന്തയില്‍ അദൃശ്യമായ ശ്രീ അയ്യപ്പ ചൈതന്യവും, ശ്രീ ദേവീ ചൈതന്യവും പ്രദേശമാകെ വിളയാടുന്നതായി കാണാന്‍ സാധിച്ചു. അതിനാല്‍ തന്നെ ഈ ദേവതകള്‍ക്ക്  ഉചിതമായ സ്ഥാനം കണ്ടു ശ്രീകോവിലുകള്‍ നിര്‍മ്മിച്ചു പ്രതിഷ്ഠയും,കലശവും നടത്തി ക്ഷേത്രമായി നിലനിര്‍ത്തി പോരണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. അതനുസരിച്ച് ഭക്തജനങ്ങളുടെയും, അഭ്യുദയ കാംക്ഷികളുടെയും നിര്‍ലോഭമായ സഹകരണത്തോടെ താന്ത്രിക വിധിപ്രകാരമുള്ള ക്ഷേത്ര നിര്‍മ്മിതി നടത്തുകയും ചെയ്തു.
നിലവിലുള്ള സ്ഥലപരിമിതിയുടെ അപര്യാപ്തത പരിഹരിക്കാ നാവശ്യമായ അല്‍പ്പം സ്ഥലവും ശിലാ വിഗ്രഹങ്ങളും,  ദേവീ ശ്രീ കോവിലും ക്ഷേത്രത്തിനു സമര്‍പ്പണമായി ലഭിക്കുകയും ചെയ്തു. നാടിന്‍റെ രക്ഷ ദൈവങ്ങളായ ശ്രീ അയ്യപ്പനും, ശ്രീ ദുര്‍ഗ്ഗയും ഇവിടെ സ്ഥിരപ്രതിഷ്ഠയുള്ള  ക്ഷേത്രമായി മാറുകയും ചെയ്തതോടെ അമരമ്പലം ക്ഷേത്ര പരമ്പരയിലെ ഒരു ക്ഷേത്രമായി മാറാനും ഈ ദേവസ്ഥാനത്തിനായി.

പൂര്‍വ്വദര്‍ശനമായ ദീര്‍ഘ ചതുരാകൃതിയിലുള്ള പ്രധാന ശ്രീ കോവിളിനുള്ളില്‍ അശ്വാരൂഢനായ ശാസ്താവിനെ സ്വരൂപ ബിംബത്തില്‍ കുടിയിരുത്തിയിരിക്കുന്നു.ഈ ശ്രീ കോവിലിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് വായുകോണിലായി കിഴക്ക് ദര്‍ശനമായി ചതുര ശ്രീ കോവിളിനുള്ളില്‍ ശാന്ത സ്വരൂപയായ വന ദുര്‍ഗ്ഗ ഭഗവതിയെ വാല്‍കണ്ണാടിപീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.തുല്യ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്ന ഈ രണ്ടു ശ്രീ കൊവിലുകള്‍ക്കും ചുറ്റുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.മാത്രമല്ല, വന ദുര്‍ഗ്ഗ ശ്രീ കോവിലിനു മറ്റു വന ദുഗ്ഗ ക്ഷേത്രങ്ങളെപ്പോലെ തന്നെ മേല്‍കൂരയില്ലാത്തതാണ്. ചെറിയ തിടപ്പള്ളിയോട് കൂടിയ ക്ഷേത്രത്തിനു മുന്നില്‍ കരിങ്കല്‍ ദീപസ്തംഭവും കാണാനാവും.


തികച്ചും പശ്ചിമഘട്ട പര്‍വ്വതനിരകള്‍ക്ക് താഴെയായി ശബരിമലയിലെ ശബരിഗിരി നാഥന്‍റെ സാന്നിധ്യം നിറഞ്ഞു തുളുമ്പുന്ന ഈ ക്ഷേത്രത്തിലെക്കെത്തുന്നവര്‍ക്ക് ശരീരശുദ്ധി വരുത്ത്യത്തിനു ശേഷം ക്ഷേത്രത്തിനകത്ത് കയറി ആദ്യം അയ്യപ്പനെ വണങ്ങി പ്രദക്ഷിണം ചെയ്തു ദേവീചൈതന്യതെയും വലംവെച്ചു തൊഴുതു വീണ്ടും അയ്യപ്പ സന്നിധിയിലെത്തി സംപ്രീതരാവാകുന്നതാണ്.നെയ്‌വിളക്കിനും, എള്ള് തിരിക്കും വളരെ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തില്‍ വിശേഷ ദിവസങ്ങളില്‍ മുഴുക്കാപ്പു ചന്ദനം ചാര്‍ത്തലും, നിറമാലയും  സവിശേഷതയുള്ളതാണ്. ശ്രീഅയ്യപ്പ സാന്നിധ്യം കുടികൊള്ളുന്ന ഇവിടെ ശബരിമല ദര്‍ശനത്തിനോരുങ്ങുന്ന ഭക്തന്മാര്‍ മുദ്ര ധരിക്കാനും,കേട്ട് നിറയ്ക്കാനും ഈ സന്നിധിയിലെത്തുന്നു.മാത്രമല്ല ദുര്‍ഗ്ഗ ചൈതന്യം വിളയാടുന്നതിനാല്‍ ചോറൂണ്,ഭഗവത്‌ സേവ എന്നിവക്കും നിരവധി ഭക്തരെത്തുന്നു.വാഹന പൂജയും വിശേഷ ദിവസങ്ങളില്‍ നടക്കുന്ന പ്രസാദ ഊട്ടും വളരെ പ്രധാനമാണ്.
മകരമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഇവിടെ പ്രതിഷ്ഠ ദിനം.കൂടാതെ കലിയുഗവരദനായ ഹരിഹരപുത്രന്‍ ശ്രീ അയ്യപ്പന്‍റെ പ്രതിഷ്ഠ കാലം ഭക്തജനങ്ങള്‍ വതശുദ്ധിയോടെ വൃശ്ചികം ഒന്ന് മുതല്‍ നാല്‍പ്പത്തൊന്നു വരെ മണ്ഡലകാലമായി ആഘോഷിക്കുന്നു.ഈ ദിവസങ്ങളില്‍ ഭജനയും,ഭഗവത്‌ സേവയും നടത്തിവരുന്നു.രണ്ടാമത്തെ ശനിയാഴ്ച ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡമായി ചൊല്ലി നാമജപവും നടത്തുന്നു.

മണ്ഡല വിളക്കുത്സവത്തിനു പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയെത്തി ദേശവിളക്ക്   തെളിയിക്കുന്നതും അനിര്‍വചനീയ മായ ഒരനുഭവം തന്നെയാണ്. ദേശവിളക്കിന്‍റെ സുവര്‍ണ്ണപ്രഭയില്‍ ക്ഷേത്രം പൊന്നൊളി തൂകി നില്‍ക്കുമ്പോള്‍ ദേവീദേവന്മാരെ കണ്ടു സായൂജ്യ മടയാന്‍ ഒരു ഗ്രാമം മുഴുവന്‍ ഇവിടെയുണ്ടാവും.


-ടി.കെ.സതീശന്‍ നിലമ്പൂര്‍ 

Wednesday, March 14, 2012

            കരുളായി ചെമ്മതിട്ട ഭഗവതി ക്ഷേത്രം
 
    നിലമ്പൂര്‍ പട്ടണത്തില്‍നിന്ന് പത്തു കിലോമീറ്ററോളം അകലെയായി വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന കരുളായി എന്ന സ്ഥലത്താണ് ചെമ്മന്തിട്ട ഭവതീ ക്ഷേത്രം നിലകൊള്ളുന്നത്. 

  മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ദുര്‍ഗ്ഗാദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് കരുളായി ചെമ്മതിട്ട ഭഗവതി ക്ഷേത്രം.വിടെ ദുര്‍ഗ്ഗയുടെ സൌമ്യ ഭാവമായ വന ദുര്‍ഗ്ഗ പ്രതിഷ്ഠയാണ് ഉള്ളത് .കേരളീയരുടെ കാവ് സങ്കല്‍പ്പങ്ങളുടെ ഉദാത്ത മാതൃകയായി ചെമ്മതിട്ട കാവ് ഇന്നും ആ പഴമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു.കരിമ്പുഴയാറിന്‍റെ കരയില്‍ വന്‍വൃക്ഷ സമുച്ചയങ്ങള്‍ക്ക് നടുവില്‍ കാവുസംസ്കാരത്തിന്‍റെ നാമമാത്രമായ ശേഷിപ്പുകളില്‍ ഒന്നായി ഈ ക്ഷേത്രം പരിലസിക്കുന്നു.കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആധുനികതയുടെ പരിവേഷങ്ങള്‍ നല്‍കാതെ കാവായി തന്നെ നിലനിറുത്തുവാന്‍ ക്ഷേത്രം ഭരണ സമിതി ശ്രമിക്കുന്നു.

ചെമ്മന്തിട്ട കാവ്

ഏതാണ്ട് ആറായിരം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കുന്ന ഈ കാവിനെക്കുറിച്ചു വളരെയധികംഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്ന് ഇപ്പോള്‍ ചെമ്മതിട്ട കാവിനു കുറച്ചകലെയായി ചെമ്മതിട്ട എന്നാ ഒരു ദേശമുണ്ടായിരുന്നു.ദ്വാപരയുഗത്തില്‍ ഇവിടെ നിരവധി ബ്രാഹ്മണര്‍ താമസിച്ചിരുന്നു. അവര്‍ പരദേവതയായി സൌമ്യ സ്വരൂപയും,ബാലയുമായ വനദുര്‍ഗ്ഗയെയും,ശ്രീശാസ്ത ചൈതന്യത്തെയും ഉപാസിച്ചിരുന്നു.എന്നാല്‍ ഒരിക്കല്‍ മഹാപരാക്രമിയും ദൈവ വിരോധിയുമായ ഒരാള്‍ ഈ ബ്രാഹ്മണസമൂഹത്തെ ആക്രമിക്കുകയും, ഭീതിപ്പെടുത്തുകയും ചെയ്തു.ജീവിതം ദുസ്സഹമായപ്പോള്‍ പ്രദേശവാസികളായ ബ്രാഹ്മണര്‍ ദേശം വിട്ടു പോകുകയും ചെയ്തു .




അതോടെ പരദേവതാ ക്ഷേത്രം അനാഥമാവുകയുംകാലക്രമത്തില്‍ നശിച്ചുപോകുകയും ചെയ്തു.പിന്നീട് ഈ ദേവി ചൈതന്യം ഇവിടെത്തെ ജലാശയത്തിലൂടെ ഒഴുകിയെത്തി ഈ ദേവി സ്ഥാനത്ത് എത്തിപ്പെടുകയും ചെയ്തു.എന്നാല്‍ ആകാലത്ത് ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണര്‍ ആരാധിച്ചു വന്നിരുന്നത് ഭദ്രകാളീ ചൈതന്യത്തെ യെയായിരുന്നു ജലാശയത്തിലൂടെ ഒഴുകി വന്ന ചെമ്മതിട്ടയിലെ ദുര്‍ഗ്ഗ ചൈതന്യം ഭദ്രകാളീ ചൈതന്യത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തുവത്രേ. അങ്ങനെ ആ ദേശത്തിന്‍റെ പേരായ ചെമ്മംതിട്ട ഈ ദേശത്തിന് കൂടി ലഭിച്ചു.പിന്നീട് ബ്രാഹ്മണ അധികാരത്തിനു ശേഷം ക്ഷത്രീയാധികാരത്തില്‍ വന്നു ചേര്‍ന്നപ്പോള്‍ രാജഭരണത്തിന് കീഴില്‍ ഈ ക്ഷേത്രം സംരക്ഷിച്ചു ആരാധനകള്‍ നടത്തിപോരികയും, ചെയ്തു.രാജഭരണത്തിനുശേഷം ഈ കാവ് സമീപത്തെ നായര്‍ കുടുംബത്തിനു ദാനമായി നല്‍കിയതായും പഴമക്കാര്‍ പറയുന്നു.നായര കുടുംബത്തിന്‍റെ കയ്യില്‍ നിന്നും ഈ ക്ഷേത്രവും ഭൂസ്വത്തുക്കളും അന്യാധീനപ്പെട്ടു പോകുമെന്നായപ്പോള്‍ മഠതമന മാധവന്‍ എമ്പ്രാന്തിരി എന്നയാള്‍ക്ക്  കൈമാറുകയും ചെയ്തു .എന്നാല്‍ അദ്ദേഹത്തിന്‍റെ കാലശേഷം അനന്തരാവകാശികള്‍ ഇല്ലാതിരുന്നതിനാല്‍ ക്ഷേത്രം എച്ച്.ആര്‍ ആന്‍ഡ്‌ സി .സി ഏറ്റെടുത്തു ഭരണം നടത്തി പോരികയും ചെയ്യുന്നു.

  
ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ വനദുര്‍ഗ്ഗാ ക്ഷേത്രങ്ങളള്‍ക്കുള്ള പ്രത്യേകത ശ്രീ കോവിലിനു മേല്‍കൂര ഉണ്ടാവില്ലയെന്നതാണ്.ചെമ്മന്തിട്ട കാവിലെ പ്രധാനദേവത വന ദുര്‍ഗ്ഗയായതിനാല്‍ ഇവിടെയും മേല്‍കൂരയില്ലാത്ത ശ്രീകോവിലിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിനു സമീപത്തെ വലിയ ആല്‍ മരത്തറയിലായി അയ്യപ്പ ചൈതന്യത്തെയും വള്ളിയങ്കാവ് ഭഗവതീ ചൈതന്യത്തെയും കുടി വെച്ചിരിക്കുന്നു. കൂടാതെ ക്ഷേത്രപാലകന്‍,ഗണപതി എന്നീ പ്രതിഷ്ഠകളും ഉണ്ട്. പിറകിലായി വനദുര്‍ഗ്ഗ,ശിവന്‍, വേട്ടക്കൊരുമകന്‍, രക്തേശ്വരി, മണികണ്ഠന്‍, എന്നീ ദേവന്മാരുടെ പ്രതിഷ്ഠകളും, ശ്രീകോവിലിനോട് ചേര്‍ന്ന് അയ്യപ്പന് പ്രത്യേക ശ്രീകോവിലും സ്ഥിതി ചെയ്യുന്നു.

തികച്ചും   വനാന്തരീക്ഷത്തില്‍  സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ നദീസ്നാനം ചെയ്തോ, ശരീരശുദ്ധി വരുത്തിയോ വേണം ദുര്‍ഗ്ഗാസന്നിധിയിലെത്താന്‍. ദേവീദര്‍ശനത്തിനു ശേഷം ഉപ ദേവന്മാരെ തൊഴുതു വന്ദിച്ചു പൂജാ പ്രസാദം സ്വീകരിക്കാവുന്നതാണ് .
  ദേവീചൈതന്യം ഒഴുകിയെത്തിയ ജലാശയ മായതിനാല്‍ പശ്ചിമഘട്ട  താഴ്വാരങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന കരിമ്പുഴ ഇവിടെ യെത്തുമ്പോള്‍ പുണ്യനദിയായി മാറുന്നു. അതിനാല്‍ ഈ പുണ്യ നദിയില്‍ സ്നാനം ചെയ്യുന്നതും പുണ്യമാണെന്നും വിശ്വസിക്കുന്നു.നദീസ്നാനത്തിനെത്തുന്നവര്‍ക്ക് പുഴയിലെക്കിറങ്ങാന്‍ ഒതുക്കുകള്‍ കെട്ടി സൗകര്യപ്പെടുത്തിയിട്ടുണ്ട്.


ദേവീ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടായ പൂമൂടല്‍ തന്നെയാണ് ഈ ക്ഷേത്രത്തിലെയും മുഖ്യ വഴിപാടു.നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൂമൂടല്‍ വഴിപാടിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഭക്തര്‍ നിരവധിയാണ്. മാത്രമല്ല ശത്രുദോഷ പരിഹാരത്തിനും, വിദ്യ ലബ്ധിക്കും വേണ്ടി മുട്ടറുക്കാന്‍ വരുന്നവരും ധാരാളമാണ്. ഭദ്രകാളിയും, ബാലസ്വരൂപിണിയും, ദുര്‍ഗ്ഗാ ദേവിയും വിലയും പ്രാപിച്ചു സ്ഥിതിചെയ്യുന്നതിനാല്‍ വിവാഹം, ചെണ്ട,എഴുന്നള്ളത്ത്‌ എന്നിവയൊന്നും ഇവിടെനടക്കാറില്ല.വിവാഹം ഇവിടെ നിഷിദ്ധമാണെങ്കിലും, മംഗല്യസൌഭാഗ്യത്തിനായുളള സ്വയംവര പുഷ്പാഞ്ജലിക്ക്  വളരെയധികം ഫലസിദ്ധിയുളളതായി പറയപ്പെടുന്നു. എന്നാല്‍ ചോറൂണ്, വിദ്യാരംഭം എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്.
മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആഘോഷിക്കുന്ന തൃകാര്‍ത്തികയാണ് ചെമ്മന്തിട്ടയിലെ പ്രധാന ഉത്സവം. ഈ ദിവസം ചെമ്മന്തിട്ട ഗ്രാമം കാര്‍ത്തിക പൊന്‍ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന കാഴ്ച ഏതൊരു ഭക്തനും ദിവ്യാനുഭൂതിയാണ് ഉളവാക്കുക. ഈ വിളക്കെടുക്കാന്‍ സ്തീകളും കുട്ടികളും അടങ്ങുന്ന നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു. ഭദ്ര കാളീ സാനിധ്യമുള്ളതിനാലും, വെട്ടെയ്ക്കൊരു മകന്‍ ചൈതന്യ മുള്ളതിനാലും കളംപാട്ടുല്‍ത്സവവും ഇവിടെ പ്രധാനമാണ്. ഇതിനുവേണ്ടി ക്ഷേത്രത്തില്‍ മലയാള തനിമ നിര്‍ത്തുന്ന പാട്ടുപുരയും നിര്‍മ്മിച്ചിട്ടുണ്ട്.ഇവിടെവെച്ചാണ് കുറുപ്പന്മാര്‍ ദേവിക്കുള്ള കാലങ്ങള്‍ തീര്‍ക്കുക.ഉത്സവ ദിവസങ്ങളില്‍ പ്രസാദഊട്ടും, ക്ഷേത്ര കടവിലെ മത്സ്യങ്ങള്‍ക്കുള്ള മീനൂട്ടും പ്രധാനം തന്നെയാണ്. മുന്‍പ് ഈ പുഴക്കടവില്‍ ചുവപ്പ്നിറത്തിലുള്ള പ്രത്യേകതരം മത്സ്യങ്ങള്‍ ഉണ്ടായിരുന്നതായും, അവ നിലമ്പൂര്‍ വേട്ടെയ്ക്കൊരു മകന്‍ ക്ഷേത്രത്തില്‍ ഉത്സവ മാവുന്നതോടെ നിലമ്പൂര്‍ കളത്തില്‍കടവ് പുഴയില്‍ എത്തിചെരുന്നതായും വിശ്വാസമുണ്ട് .



മനുഷ്യന്‍ ദൈവങ്ങളെ ആരാധിക്കുന്നത് പോലെ തന്നെ പ്രകൃതിയെയും ആരാധിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ് ചെമ്മന്തിട്ട കാവിലെ ആല്‍വൃക്ഷം. ക്ഷേത്ര സന്നിധിയില്‍ തന്നെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ അശ്വത്ഥ മരത്തില്‍ പടര്‍ന്നു കയറിയ കാട്ടുവള്ളികളും, സമീപത്തുള്ള വൃക്ഷലതാദികളും മലയാളികളുടെ കാവ് സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നവയാണ്.മാത്രമല്ല,ശാന്തവും,സുന്ദരവുമായ ഈ ക്ഷേത്രമുറ്റത്തെത്തുന്നവര്‍ക്ക് ശാന്തിയും സമാധാനവും നല്‍കുന്നവയാണ് .

-ടി.കെ.സതീശന്‍ നിലമ്പൂര്‍

Saturday, March 10, 2012

വാണിയമ്പലം ശ്രീ ബാണാപുരേശ്വരീ ക്ഷേത്രം
മലബാറിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണ് വാണിയമ്പലം ശ്രീ ബാണാപുരേശ്വരി ക്ഷേത്രം.

   നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാതയ്ക്കരികില്‍ സമുദ്ര നിരപ്പില്‍ നിന്നും ആയിരത്തിലധികം പൊക്കം വരുന്ന പാറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടെ ദേവ ചൈതന്യം കുടികൊള്ളുന്നതിനാല്‍ ആണത്രേ ഈ പ്രദേശത്തിനു സരസ്വതീദേവിയുടെ പര്യായമായ വാണിയുടെ അമ്പലം എന്നര്‍ഥം വരുന്ന വാണിയമ്പലം എന്നാ പേര് സിദ്ധിച്ചത് .

 വാണിയമ്പലം ശ്രീ ബാണാപുരേശ്വരീ ക്ഷേത്രം
 അമ്പതു എക്രയിലധികം വിസ്തീര്‍ണ്ണം വരുന്ന ഈ പാറയുടെ ഗഹ്വരങ്ങളില്‍ പണ്ട് കാലത്ത് യാതീശ്വരന്മാരായ ആളുകള്‍ തപസ്സനിഷ്ടിച്ചിരുന്നതായി വിശ്വസിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിനു ദ്വാപര യുഗത്തില്‍ നടന്ന ഒരു കഥയുമായി ഐതീഹ്യമുണ്ട്‌.
മഹാബലിയുടെ പൌത്രന്‍ ബാണാസുരന്‍റെ പുത്രി ഉഷയും ശ്രീകൃഷ്ണന്‍റെ പുത്രനുമായി അനിരുധനുമായി അനുരഗത്തിലായി.ഉറ്റ തൊഴിയും കുംഭാണ്ടന്‍റെ പുത്രിയുമായ ചിത്രലേഖ ഉഷയുടെ സ്വപ്നസാക്ഷാത്കാരത്തിനായി യോഗമാര്‍ഗ്ഗം കൊട്ടാരത്തിലെത്തിച്ചു. വിവരമറിഞ്ഞ ബാണാസുരന്‍ അനിരുദ്ധനെ ബന്ധനസ്ഥനാക്കി .ഇതറിഞ്ഞ ശ്രീകൃഷ്ണന്‍ അനിരുദ്ധനെ മോചിപ്പിക്കാനായി കൊട്ടാരത്തിലേക്ക്‌ എഴുന്നള്ളി .രക്ഷയ്ക്കായി ബാണസുരന്‍ പരമശിവനില്‍ അഭയം തേടി.പാറയില്‍ തപസ്സ് ആരംഭിച്ചു .തപസ്സ് മുടക്കാന്‍ ചെന്ന പാര്‍വ്വതീദേവിയെ ബാണന്‍ ശാപ ശപഥം കൊണ്ട് പാറയില്‍ പ്രതിഷ്ടിച്ചു .തപസ്സില്‍ സംപ്രീതനായ പരമശിവന്‍ ബാണന്‍റെ രക്ഷയ്ക്കായി ഉപദേവന്മാരോടൊപ്പം പാറയില്‍ കാവല്‍ നില്‍ക്കയും ചെയ്തുവത്രെ.പക്ഷെ ശ്രീകൃഷ്ണന്‍ ബാണാസുരനെ നിഗ്രഹിച്ച് അനിരുദ്ധനെ മോചിപ്പിച്ചു.അങ്ങനെ ദ്വാപരയുഗത്തില്‍ ദേവാസുര യുദ്ധത്തിനു മൂകസാക്ഷിത്വം വഹിച്ച ഈ പാറ കെട്ടുകളാണത്രെ പിന്നീട് ബാണാപുരം എന്ന പേരിലറിയപ്പെട്ടത്. ബാണാസുരന്‍റെആരാധനാ മൂര്‍ത്തിയായ ത്രിപുര സുന്ദരിയാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.

ക്ഷേത്രപാത
      പാറയുടെ മുകളിലത്തെ ക്ഷേത്ര മതിലകത്ത് മുഖ്യപ്രതിഷ്ഠയായി ത്രിപുര സുന്ദരിയും ദേവിയുടെ സംരക്ഷകരായി ഗണപതി,
ശാസ്താവ്, സുബ്രഹ്മണ്യന്‍, നാഗ രാജാവ്, വിഷ്ണു എന്നീ ചൈതന്യവും കുടികൊള്ളുന്നു .കൂടാതെ മതില്‍ കെട്ടിന് പുറത്ത് തെക്ക് വശത്ത് യതീശ്വരനെയും, വടക്ക് വശത്ത് പടിഞ്ഞാറ് ദര്‍ശനമായി പരമ ശിവനെയും അല്‍പ്പം താഴെയായി  അയ്യപ്പ സാന്നിധ്യവും കുടിവെച്ചിരിക്കുന്നു.


ശിവ   ക്ഷേത്ര
ശ്രീകോവിലിന്‍റെ വടക്ക് വശത്ത് ഒരിക്കലും വറ്റാത്ത തീര്‍ഥ കിണറും മതില്‍ കെട്ടിന് പുറത്ത് തീര്‍ഥ കുളവും സ്ഥിതി ചെയ്യുന്നു .ഇത് സംബന്ധിച്ച് ഒരു ഐതീഹ്യവും  നിലനില്‍ക്കുന്നുണ്ട് . അഞ്ഞൂറിലധികം അടി പൊക്കം വരുന്ന ഈ പാറയുടെ താഴെ നിന്നായിരുന്നു പണ്ട് കാലങ്ങളില്‍ പൂജാദി കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ വെള്ളം കൊണ്ടുവന്നിരുന്നത്. ഒരിക്കല്‍ നിവേദ്യം പാകം ചെയ്തപ്പോള്‍ വെള്ളം കുറവായി വെള്ളം കൊണ്ടുവരുവാനായി പൂജാരി താഴെ പോയി തിരിചെത്തിയപ്പോഴേക്കും നിവേദ്യം കരിഞ്ഞുപോയി .ദേഷ്യം വന്ന പൂജാരി വര്‍ദ്ധിച്ച കോപത്തോടെ ഉരുളിയും,ചട്ടുകവും എടുത്തെറിഞ്ഞു. അവ വീണ ആകൃതിയില്‍ യഥാക്രമം കിണറും കുളവും ഉണ്ടായി എന്നതാണ് കഥ. ഈ പുണ്യതീര്‍ഥങ്ങള്‍ ഏതുകൊടും വേനലിലും വറ്റാതെ നില നില്‍ക്കുന്നുവെന്നതാണ് മറ്റൊരു അത്ഭുതം.

തീര്‍ഥ കുളം
മിഥുന മാസത്തിലെ അനിഴം നക്ഷത്രത്തിലാണ് ദേവിയുടെ പ്രതിഷ്ഠ ദിനമായി   ആഘോഷിക്കുന്നത്. എല്ലാ മലയാള മാസത്തിലെയും, ആദ്യത്തെയും, മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ ത്രികാല പൂജയും, സമൂഹാരാധനയും നടത്തി വരുന്നുണ്ട്. ദേവി അന്നപൂര്‍ണ്ണേശ്വരി കൂടിയായതിനാല്‍ അന്നദാനത്തോട് കൂടിയ ത്രികാല പൂജയും, പൂമൂടലും,മുട്ടറുക്കല്‍ ഇവിടെ മുഖ്യവഴിപാടാണ്.കൂടാതെ വിവാഹം ,ചോറൂണ് എന്നീ മംഗളകര്‍മ്മള്‍ക്കും ഇവിടെ വളരെ പ്രാധാന്യമുണ്ട് .കര്‍ക്കിട മാസം രാമായണമാസാചരണമായി ആഘോഷിക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഗണപതി ഹോമവും,ഭഗവത്‌ സേവയും നടത്തി ശ്രീരാമ പട്ടാഭിഷേക ദിവസം അഖണ്ഡരാമായണപാരായണവും നടത്തിവരുന്നു .

വാണിയമ്പലം പാറ
വൃശ്ചികമാസത്തിലെ കാര്‍ത്തികയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. തൃകാര്‍ത്തിക ദിവസം കാര്‍ത്തിക വിളക്ക് എഴുന്നെള്ളിപ്പാണ്  ഏറെ പ്രാധാന്യം. 
സര്‍വ്വ ഐശ്വര്യത്തിനും അഭീഷ്ട സിദ്ധിക്കും, മംഗല്യ സൌഭാഗ്യത്തിനും ശത്രു ദോശ പരിഹാരത്തിനും,   സമ്പല്‍ സമൃദ്ധിക്കും വേണ്ടി ദേശത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാര്‍ത്തിക വിളക്കെടുക്കാന്‍ ഭക്തര്‍ ഈ ദേവീ സന്നിധിയിലെത്തുന്നു .സരസ്വതീ ചൈതന്യം കുടികൊള്ളുന്ന ഈ പാറ ക്ഷേത്രത്തില്‍ നവരാത്രി കാലം വിശേഷാല്‍ പൂജകളോട് കൂടി ആഘോഷിക്കുന്നു .അതിനാല്‍ വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ ധാരാളം കുട്ടികള്‍ വാണിയമ്പലത്തില്‍ എത്തുന്നു.
ഒരു കിലോ മീറ്ററോളം ദൈര്‍ഘ്യമേറിയപാറയുടെ മുകളിലേക്ക് എത്താന്‍ ഭക്തര്‍ക്ക്‌ സൗകര്യപ്രദമായ രീതിയില്‍ വഴി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെയെത്തുന്ന ഓരോ ഭക്തനും മറ്റു ക്ഷേത്രങ്ങളില്‍നിന്ന്‌നിന്നും വിഭിന്നമായ ഒരനുഭവമായിരിക്കും ഉണ്ടാവുകയെന്നതില്‍ സശയമില്ല. പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഏതൊരുഭക്തനെയും ആനന്ദ നിര്‍വൃതിയിലെത്തി ക്കുന്നവയാണ്. മാത്രമല്ല അസ്തമയസൂര്യന്‍റെ പൊന്‍ കിരണങ്ങള്‍ ഈ കൃഷ്ണ ശിലയെ പുല്‍കുമ്പോള്‍ സായംസന്ധ്യ ആസ്വദിക്കാന്‍ എത്തുന്നവരും ഇവിടെ വിരളമല്ല.

     
-ടി.കെ.സതീശന്‍, നിലമ്പൂര്‍ 




Friday, March 9, 2012

    അമരമ്പലം സൗത്ത്‌ ശിവ ക്ഷേത്രം

  ഒരു ദേശ നാമത്തിനു തന്നെ നിദാനമായ ക്ഷേത്രമാണ് പൂക്കോട്ടുംപാടം അമരമ്പലം സൗത്ത്‌ ശിവ ക്ഷേത്രം ദേവന്മാരുടെ പര്യായമായ അമരന്മാര്‍ പണി തീരത്ത അമ്പലമായതിനാലാണ് ഈ പ്രദേശത്തിനു അമരമ്പലം എന്നാ പേര് തന്നെ സിദ്ധിച്ചത്.എന്നാല്‍ നാശമില്ലാത്ത അമ്പലംഎന്നര്‍ത്ഥം വരുന്നതു കൊണ്ടാണ് അമരമ്പലം എന്ന പേര് ലഭിച്ചതെന്ന വിഭിന്ന അഭിപ്രായവും നിലനില്ക്കുന്നുണ്ട് .എങ്കിലും ഒരു ദേശത്തിന്‍റെ പേര് തന്നെ ഈ ക്ഷേത്രനാമത്തില്‍ അറിയപ്പെടുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.


അമരമ്പലം ക്ഷേത്രത്തിന്‍റെ പാഴക്കതെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട് .മൂവായിരം വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന ഐതീഹ്യപെരുമയും  ആചാരപെരുമയുമാണ് ഈ ക്ഷേത്രം അവകാശപ്പെടുന്നത്. ശിവന്‍റെ ഭൂതഗണങ്ങളാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. ഒറ്റ രാത്രികൊണ്ടുതന്നെ ക്ഷേത്ര നിര്‍മ്മാന്നം പൂര്‍ത്തിയാക്കണമെന്ന് കരുതി രാത്രിയുടെ ആദ്യ യാമത്തില്‍ ആരംഭിച് നിര്‍മാണ പ്രവര്‍ത്തികള്‍ പുലര്‍ച്ചെ കോഴി കൂവുന്നതുവരെ നീണ്ടു നിന്നതയുമുള്ള കഥകളുണ്ട് നാട്ടില്‍.

കുലശേഖര രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി. നാലമ്പലത്തിനുള്ളിലെ പ്രധാന ശ്രീകോവിലിന്‍റെ ചുമരുകളില്‍ കൊത്തിയിട്ടുള്ള ശില്‍പ്പങ്ങളും  കൊത്തുപണികളും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്‌. ഈ കാരണത്താല്‍ കുലശേഖര രാജാക്ക ന്മാരുടെ കാലഘട്ടമായ പതിനഞ്ചോ, പതിനാറോ നൂറ്റാണ്ടു കളിലായി യിരിക്കണം ഇതിന്റെ നിര്‍മ്മിതിയെന്നു വിശ്വസിക്കുന്നവരുമുണ്ട്‌ .

  പടിഞ്ഞാട്ടു ദര്‍ശനവും കിഴക്ക് പുഴയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമരമ്പലം ശിവ ക്ഷേത്രം.പടിഞ്ഞാട്ടു മുഖമുള്ള ക്ഷേത്രത്തിനു പികിലായി കിഴക്ക് സഹ്യനില്‍നിന്നും ഒഴുകി യെത്തുന്നകുതിരപുഴ പുണ്യനദിയായ ഗംഗയ്ക്ക് സമാനമായി ഇതിലെ ഒഴുകിയെത്തുന്നു. അതിനാല്‍ ഈ നദിയിലെ സ്നാനം ഗംഗാ സ്നാനതിനു സമമാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു.മാത്രമല്ല ഈ പുഴയില്‍ നിന്നും എടുക്കുന്ന ജലമാണ് ഇവിടെ അഭിഷേക ജലമായി ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
ഒരു കാലത്ത്‌ നാലമ്പല ത്തോടുകൂടിയ മഹാക്ഷേത്ര മായി രുന്ന അമരമ്പലം ശിവക്ഷേത്രം  കിടങ്ങഴി മന   വകയായിരുന്നു. എന്നാല്‍,ടിപ്പുവിന്‍റെ പടയോട്ടത്തിനു ക്ഷേത്രം ക്ഷേത്രം ചില നായര്‍ പ്രമാണിമാരുടെ കൈവശം വന്നു ചേരുകയും ചെയ്തു,മുന്നൂറു വര്ഷം മുന്‍പ് എടവണ്ണ കൊവിലകത്തു നിന്നും വന്ന ഇപ്പോഴത്തെ അമരമ്പലം കോവിലകം രാജാക്കന്മാരുടെ മുന്‍ഗാമികള്‍ ഈ നായന്മാരെ പരാജയപ്പെടുത്തി ക്ഷേത്രം തങ്ങളുടെ അധീനതയില്‍ വരുത്തുകയും ചെയ്തു.കാലക്രമത്തില്‍ കോവിലകത്തിന്‍റെ മേല്‍നോട്ടത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു ക്ഷേത്ര ഭരണ ചുമതല ഏറ്റെടുത്തു .ക്ഷേത്ര നടത്തിപ്പിനായി കോവിലകം ഏഴ് ഏക്രര്‍സ്ഥലം ഭരണസമിതിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

ചുറ്റമ്പലത്തിനുള്ളില്‍ കൊത്തുപണികളോട്  കൂടിയ ചതുര ശ്രീകോവിലിനുള്ളില്‍ ഉഗ്ര മൂര്‍ത്തിയായ ശ്രീപരമേശ്വരന്‍ കുടി കൊള്ളുന്നു.കൂടാതെ, ശങ്കരനാരായണമൂര്‍ത്തി ചൈതന്യവും, നരസിംഹമൂര്‍ത്തിചൈതന്യവും, ബ്രഹ്മരക്ഷസ്സ്, ഗണപതി, ഭഗവതി, അയ്യപ്പന്‍, എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.ശിവരാത്രി ആഘോഷം തന്നെയാണ്ഇവിടെയും പ്രധാനം. ശൈവസാന്നിധ്യമായതിനാല്‍ പ്രദോഷ വ്രതത്തിനും വളരെ പ്രാധാന്യമുണ്ട് .ത്രയോദശി ദിവസം സന്ധ്യക്ക് നടക്കുന്ന പ്രദോഷ പൂജയില്‍ ശിവപ്രീതിക്ക്  വേണ്ടി വ്രതം അനുഷ്ടിക്കുന്ന നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു.കറുത്ത പക്ഷം ത്രയോദശി വരുന്ന ശനിയാഴ്ചകളില്‍ വിശേഷമായതിനാല്‍ ധാരാളം ഭക്തര്‍ ഈ മഹാദേവ സന്നിധിയില്‍ എത്താറുണ്ട് .മാസത്തിലൊരിക്കല്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ശിവായ നമ ഓംനമ ശിവായഎന്ന മന്ത്രം ഉരുവിട്ടുള്ള അഖണ്ഡനാമയജ്ഞം ,വൃശ്ചിക മാസത്തില്‍ അയ്യപ്പ ഭക്തര്‍ നടത്തുന്ന അഖണ്ഡതനാമ നൃത്തവും ഇവിടെ നടക്കും


   മറ്റൊരു പ്രത്യേകത പിതൃ തര്‍പ്പണത്തിനു ഏറെ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തില്‍ കുംഭം കര്‍ക്കിടകം മാസങ്ങളിലെ കറുത്ത വാവിന് നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി  പിതൃപുണ്യം തേടി
യെത്തുന്നവരും നിരവധിയാണ്. ശിവസന്നിധിയിലെ പുഴക്കരയിലെ പാറയില്‍ ക്ഷേത്ര ചൈതന്യം ദര്‍ശിക്കുന്നഭക്തര്‍ കുതിര പുഴയിലെ പിതൃതര്‍പ്പണം ഗംഗയിലെ തര്‍പ്പണത്തിനു  തുല്യമാണെന്ന്‌ വിശ്വസിക്കുന്നു .
ശ്രീ രുദ്രം ധാരയും, അഘോര പുഷ്പാഞ്ജലിയും ,മൃത്യുഞ്ജയ ഹോമവുമാണ് ഇവടെ പ്രധാന വഴിപാടുകള്‍.നാല്‍പ്പതിഒന്ന് ദിവസം തുടര്‍ച്ചയായി ശിവന് ശ്രീരുദ്രം ധാര ചെയ്‌താല്‍ മാറാത്ത വ്യാധി ഇല്ലെന്നാണ് വിശ്വാസം .മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്ത മായ ഒരു അനുഭവമായിരിക്കും ഇവിടെ എത്തുന്ന ഓരോ ഭക്തനുമുണ്ടാവുക.
                                 
                                          അമരമ്പലം സൗത്ത്‌ ശിവ ക്ഷേത്രം 

- ടി.കെ.സതീശന്‍, നിലമ്പൂര്‍



  ശ്രീ  വില്ല്വത്ത്  ക്ഷേത്രം

 
 നിലമ്പൂരില്‍ നിന്നും കിഴക്കായി പണ്ട്രണ്ടു കിലോമീറ്റര്‍ അകലെയയു പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.അമരമ്പലം ക്ഷേത്രസമുച്ചയത്തില്‍പ്പെട്ട ഒരു ക്ഷേത്രമാണ് പട്ടണ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വില്വത്ത് ക്ഷേത്രം. ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രത്തിനോട് ഏറെസാമ്യമുള്ളഒരുക്ഷേത്രം കൂടിയാണിത്.

ശൈവ-വൈഷ്ണവചൈതന്യങ്ങള്‍ക്ക് തുല്യപ്രാധാന്യമുള്ള കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആയിരകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രപ്രാധാന്യവും, ഐതീഹ്യപെരുമയുള്ളതുമായ ഈ ക്ഷേത്രത്തിനു മറ്റു ക്ഷേത്രങ്ങളെ പ്പോലെ ഐതീഹ്യവും  നിലവിലുണ്ട്.
   
വര്‍ഷങ്ങള്‍ക്കുമുന്‍പ് വന നിബിഡമായിരുന്ന  ഈ പ്രദേശത്ത് നിരവധി ശ്രേഷ്ഠരായ   ഋഷി പുംഗവന്മാര്‍    തപസ്സനുഷ്ടിച്ചിരുന്നു. അവരുടെ തപസ്സിന്‍റെ ഫലമായി ഈ പ്രദേശത്ത് അന്തര്‍ലീനമായി കിടന്നിരുന്ന  ഒരു ശൈവശക്തി ചേതസ്സിന്റെ സാന്നിധ്യം അനുഭവ ഗോചരമായി  തീരുകയും ചെയ്തു. വില്വവൃക്ഷങ്ങള്‍ എന്ന കൂവളവൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്ന ഇവിടെ തപോവ്രതാനുഷ്ടാനങ്ങള്‍ക്ക് യോഗ്യവും, ജനവാസ ശൂന്യവുമായതിനാല്‍  താപസ്സന്മാര്‍ ‍വ്രതാനുഷ്ടാനങ്ങള്‍ അനുഷ്ടിച്ചു വരികയുമുണ്ടായി. കാലാന്തരത്തില്‍ ഇവിടെ ജനാധിവാസ മുണ്ടാവുകയും, തദ്ദേശവാസിയായ ഒരു ബ്രാഹ്മണന് ഈ ചൈതന്യം അനുഭവ ഗോചരമാവുകയും ചെയ്തു. തുടര്‍ന്ന് ആ ചൈതന്യത്തെ കുടിയിരുത്തിയ ക്ഷേത്രം വളരെകാലം അഭിവൃദ്ധിയോടു കൂടിയ  ക്ഷേത്രമായി നിലകൊള്ളുകും ചെയ്തു.
 
  സംസ്കൃത ഭാഷയില്‍ കൂവളം എന്നര്‍ത്ഥമുള്ള വില്വ വൃക്ഷങ്ങളാല്‍ നിബിഡമായിരുന്ന ഈ പ്രദേശം വില്വത്ത്  എന്നറിയപ്പെടാന്‍  തുടങ്ങി. അങ്ങനെ ഈ  ക്ഷേത്രത്തിനു വില്വത്ത് ക്ഷേത്രം എന്ന  പേര് വന്നതെന്നു പഴമക്കാര്‍ പറയുന്നു. എന്നാല്‍ ത്രേതാ യുഗത്തില്‍  വനവാസത്തിനായി ഇതു വഴിയെത്തിയ ശ്രീരാമന്‍  വില്ല് കുത്തിയ സ്ഥലമായതിനാലാണ്  വില്ല്വത്ത് എന്ന നാമം ലഭിച്ചതെന്ന  ഐതീഹ്യവും  നിലവിലുണ്ട്.

ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രാഹ്മണ ആധിപത്യത്തിന്  കീഴിലായിരുന്ന ഈ ക്ഷേത്രം കാലാന്തരത്തില്‍ നടുവത്ത് മന ബ്രാഹ്മണകുടുംബത്തിന്‍റെ അധീനതയില്‍ വരികയും ചെയ്തു. തുടര്‍ന്ന്  ക്ഷത്രീയ അധികാരത്തില്‍ വന്ന  ഈ ക്ഷേത്രം  നിലമ്പൂര്‍ കോവിലകംതമ്പുരാന്‍ കെ.സി.ഏട്ടന്‍ രാജയുടെ കീഴിലായി നിത്യപൂജകള്‍ നടത്തിവന്നു. ഏട്ടന്‍രാജ നിത്യ പൂജകള്‍ക്കായി വാലത്ത്വാജമന വെങ്കിടേശ്വരന്‍ എബ്രന്തിരിയെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്ര പുനരുദ്ധാരണവും, ചുറ്റബല നിര്‍മാണവും, പൂര്‍ത്തിയാക്കി.1945ല്‍ നവീകരണ കലശവും നടത്തിയതായി ശ്രീകോവിലിലെ ആലേഖനങ്ങളില്‍    കാണാം. ശാന്തസ്വരൂപനായ പരമശിവനും, മഹാവിഷ്ണു  സമഗ്രകലകളോട് കൂടിയ   ശ്രീകൃഷ്ണനുമാണ്   ഇവിടെത്തെ  മുഖ്യപ്രതിഷ്ഠ. ഉപദേവമാരായി  ഗണപതി, ദുര്‍ഗ്ഗഭഗവതി ചൈതന്യത്തെയും, ഗൃഹസ്ഥാശ്രമത്തിലുള്ള  ശാസ്ത ചൈതന്യതെയും, ഇവിടെ ആരാധിച്ചു വരുന്നു. നാഗദൈവ സാനിധ്യമുള്ളതിനാല്‍ നാഗരാജാവിനെ ആരാധിച്ചുവരുന്ന വലിയ ഒരു ആല്‍ മരവും ഈ ക്ഷേത്രത്തിന്‍റെ ഒരു സവിഷതയാണ്.
നാലമ്പലത്തോടു കൂടിയ  വട്ട ശ്രീകോവിലിനുള്ളില്‍ കിഴക്കോട്ടു ദര്‍ശനമായി ശാന്തസ്വരൂപനായ  ശിവലിംഗ പ്രതിഷ്ടയോടു കൂടിയ  ശിവസാന്നിധ്യം  കുടി കൊള്ളുന്നു. ശ്രീകോവിലിനു മുന്നിലായി കരിക്കല്ലില്‍ തീര്‍ത്ത  നന്ദി വാഹനവും, നമസ്കാര മണ്ഡപവും സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത് ചതുര ശ്രീകോവിലിനുള്ളില്‍ മഹാവിഷ്ണു സമഗ്രകലകളോട് കൂടിയ ശ്രീകൃഷ്ണചൈതന്യമായി വാണരുളുന്നു.രണ്ടു ശ്രീകൊവിലുകള്‍ക്കും ചിത്രപണികളോടു കൂടിയ ചെമ്പോലപതിച്ച മേല്‍കൂരയഉള്ളത്. കൂടാതെ നാലമ്പലത്തിനുള്ളില്‍ കരിങ്കല്ല് പതിച്ചിട്ടുണ്ട്.രണ്ടു ശ്രീകോവിലിനു പുറമ്മേ നാലമ്പലത്തിന്റെ തെക്കേ കന്നിമൂലയില്‍ ഗണപതിയെയും, തൊട്ടടുത്ത് ബ്രഹ്മരക്ഷസ്സിനെയുംകുടിവെച്ചിരിക്കുന്നു.

  മാത്രമല്ല ശിവ ശ്രീകോവിലിനു പിന്നില്‍ ക്ഷേത്രോല്‍പ്പത്തിക്ക് നിദാനമായ കല്ത്തറയും ഇവിടെ കാണാം.വടക്ക് ഭാഗത്തായി ദുര്‍ഗ്ഗ ചൈതന്യത്തെയും, കിഴക്ക് പടിഞ്ഞാറ് ദര്‍ശനമായി വെട്ടേക്കരനും പ്രതിഷ്ടിച്ചിരിക്കുന്നു. നാലമ്പലത്തിനു പുറത്തായി  ശിവ-വിഷ്ണു ശ്രീകോവിലിനു മുന്നിലായി  ബലിക്കല്ലും കല്‍വിളക്കും സ്ഥാപിച്ചിട്ടുണ്ട്.

  കൂടാതെ ശ്രീകോവിലുകളുടെ മുന്നിലായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി ക്ഷേത്രമുറ്റത്തു പ്രവേശിക്കാന്‍ രണ്ടുഭാഗത്തും ഒതുക്കുകള്‍ കെട്ടിയിട്ടുമുണ്ട്.ചുറ്റു മതില്‍ കൂടി പണി പൂര്‍ത്തിയാവുന്നതോടെ ഈ ദേവ സന്നിധി മഹാക്ഷേത്ര പ്രതീതിയുയര്‍ത്തുന്നു. കുന്നിന്‍ മുകളില്‍ പരിലസിക്കുന്ന ഈ ക്ഷേത്രത്തി ലെത്തുന്നവര്‍ക്ക് ആദ്യം ദര്‍ശിക്കാനാവുക. ക്ഷേത്രവളപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന  ആല്‍ മരങ്ങളാണ്. അഭീഷ്ടസിദ്ധിക്കും, ദീര്‍ഘായുസ്സിനും, രോഗശമനത്തിനും, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, നിറമാല, ചന്ദനംചാര്‍ത്തല്‍, നെയ്‌വിളക്ക് എന്നിവ പ്രധാന വഴിപാടാണ് .സല്പുത്ര ഭാഗ്യത്തിന് ഉമാ മഹേശ്വര പൂജയും, സന്താനഗോപാലം പുരുഷസൂക്തവും, തുലാഭാരവും നടത്താന്‍ നിരവധി ഭക്തര്‍ ഈ ദേവ സന്നിധിയില്‍ എത്താറുണ്ട്.സര്‍പ്പദോഷ പരിഹാരത്തിനായി നാഗപൂജയും,സര്‍പ്പബലിയും നടത്തുന്നതിന് അന്യ സംസ്ഥാനങ്ങളില്‍നിന്നും ഭക്തരെത്തി വഴിപാടു നടത്തി ഫലപ്രാപ്തിയില്‍ സന്തുഷ്ടരായി മടങ്ങുന്നു .

വിവാഹം,ചോറൂണ്,വാഹനപൂജ  എന്നിവ നടത്താനും ദേശത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തര്‍ ഇവിടെത്താരുണ്ട്. മീനമാസത്തിലെ രോഹിണി നാളിലാണ് ഇവിടെ പ്രതിഷ്ഠ ദിനമായി ആചരിക്കുന്നത്. കുംഭമാസത്തിലെ ശിവരാത്രി, ശ്രീകൃഷ്ണജയന്തി, അഖണ്ഡ നാമയജ്ഞം,ഹരിനാരായണയജ്ഞം, എന്നിവയൊക്കെയാണ് ആഘോഷങ്ങള്‍ .

-ടി.കെ.സതീശന്‍ , നിലമ്പൂര്‍